അതുൽ സൂര്യ
അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ...
ഇരുട്ട്,...
മഴ,...
ഗന്ധം;
ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,...
ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം.
പതിവു സന്ധ്യ,
തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്,
ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്...
മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്,
സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു.
കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?...
ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ പുറകിൽ നിന്നും ഒരു ആരവം കേട്ടു .
ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി,
ഓടി...
തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?....
തോറ്റു.
ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതിനാൽ ഓടി,...
നനഞ്ഞു കൊണ്ടോടി,...
മഴ സ്വതന്ത്രമാക്കിയ ടാറിട്ടറോഡിലെച്ചൂടിന്നു മുകളിലൂടെ സർവ്വ ശക്തിയുമെടുത്ത്, ശരവേഗത്തിൽ പതിക്കുന്ന മഴത്തുള്ളികളോടെതിർത്ത് ഓടി....
ഓടിയോടി തളർന്നു...കിതച്ചു.
ശ്വാസമെടുക്കാൻ പാടുപെട്ടു.
ഇനിയൊരടി മുന്നോട്ടുവക്കാൻ വയ്യ, കൈകൾ കാൽമുട്ടിൽ വച്ച് നിന്നു കിതക്കവെ എവിടെ നിന്നോ ഒരു ഗന്ധം...
ചുറ്റും മഴയാണ്,....
അരഞ്ഞാണച്ചരടിനെപ്പോലും കുതർത്തുന്ന മഴ.
ഇരുട്ട്,... മഴ,... ഗന്ധം;
ഇരുട്ടിന്റെ,മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,
ഇരുട്ടായി വ്യാപിച്ച് മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തുന്ന ഗന്ധം...
വലിച്ചു കയറ്റി പ്രാണായാമത്തിലെന്ന പോലെ, ചെന്നെത്തിയത് ഒരു മുറ്റത്താണ്,....
ഓർമ്മകളിലൊരു മുറ്റണ്ട്,...
നിറയെ കൂവളക്കായ്കൾ വീണുകിടക്കണ,
മുറ്റമടിക്കായി ചൂലെടുതല്‍ തിരികെ വക്കണ വരെ അമ്മടേം ചെറിയമ്മമാരുടെം പ്രാക്ക് കേക്കണ മുറ്റം.
ഉമ്മര്‍ത്തിന്നു നോക്കിയാല്‍ തൊലി പൊളിച്ച ഓറഞ്ച് വിതറിയപോലെ കൂവ്വളക്കായ്കൾ,
തെക്കേത്തൊടിയിൽ മുറ്റത്തോടും കിഴക്ക് ഇടവഴിയോടും ചേർന്നായിരുന്നു അതികായനായ കൂവള മരത്തിന്റെ നിൽപ്പ്.
മുല്ലവള്ളിയും മറ്റുവള്ളികളും വരിഞ്ഞുമുറുക്കിയ കൂവളമരം സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു.
പ്രണയ തീവ്രതയിൽ ഒരാളെപ്പോഴും മുന്നിട്ടു നിൽക്കേണ്ടതുണ്ടല്ലോ,
ഇവിടെയത് കൂവളമായിരുന്നു,
തീവ്രമായ ഉടമസ്ഥാ സ്നേഹത്താൽ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുമ്പോഴും കൂവളം അവയെ കുടുതൽ കൂടുതൽ തന്റെ ശിഖരങ്ങളിലേക് പടരാനനുവദിച്ചു.
അവരുടെ പ്രണയം കാറ്റ് നാടു മുഴുവൻ പാടി നടന്നു.
ആ പാട്ടിന്റെ ഗന്ധം ഇന്നീമഴയിലലിഞ്ഞിരിക്കുന്നു....
വീട്ടാർക്കും നാട്ടാർക്കും ഒരേ പോലെ ശല്യാർന്നു കൂവള മരം....
അതിരാവിലെ പശുവിനേം കൊണ്ട് പോണ ചാത്തച്ചാഛൻ ഇടവഴിയിലെത്തിയാൽ പ്രാക്ക് തുടങ്ങും.
പശു വീണു കെടക്കണ കൂവളക്കായ നക്കിയാലോന്ന പേടിയാണ്,
പടിക്കലെത്തിയാൽ തൊപ്പിക്കുട മതിലില്‍ ചാരി വക്കും, ഒരു കൈ കയറിലും , ഒരു കൈ വേലിത്തറിയിലുമായ് പിടിച്ചു നിന്ന് ഉമ്മറത്തിണ്ണയിലിരിക്കുന്ന അമ്മയോടും അചഛമ്മയോടും ചെറിയമ്മമാരോടും പരിതപിക്കുo,
വേലിയിൽ നിന്നും കൈയ്യെടുത്ത് നരവീണ രോമാമൃതമായ നെഞ്ചിൽ കൈ തുടക്കും,
കയറെടുത്ത് തോളിലിട്ട് തലയിലെ കെട്ട് ആഴിച്ചു കെട്ടും,
ആ കുറിയ മനുഷ്യൻ നടന്നു നീങ്ങും,....
പാടത്ത് കൃക്കറ്റിനു പകരം ഫുഡ്ബോളാണ് കളിയെങ്കിൽ, നേരത്തെ മേലേകുളത്തിലെത്തും,
ചാത്തച്ഛാൻ പാടത്തെ പണി കഴിഞ്ഞ് മേല് മുഴുവൻ ചേറുമായി കുളത്തിലെത്തീണ്ടാകും.
ഒരിക്കൽ കരയിലൂടെ പോയ കുട്ടി വിളിച്ചു പറഞ്ഞു,
" ചാത്തേ അമ്മ നാളെ വീട്ടിലേക്ക് വരാൻ പറഞ്ഞു. "
"വരാന്ന് പറ കുട്ടാ " മറുപടി.
"അല്ല അവനെന്താ ങ്ങളെ പേര് വിളിക്കണേ, അവൻ ചെറ്യേകുട്ട്യല്ലേ, "
സംശയം ഉള്ളിലൊതുക്കാൻ പറ്റീല.
"ഓര്ക്ക് വിളിക്കാം കുട്ട്യേ"
കയ്യിൽ നിന്നും വഴുതിപ്പോയ സോപ്പുകട്ട വെള്ളത്തിൽ നിന്നും എടുക്കവേ ചാത്തച്ചാഛൻ പറഞ്ഞു.
എന്തോ തിന്നാൻ കിട്ടിയ സന്തോഷത്തിൽ പാഞ്ഞ് വന്ന മീനുകൾ ആമ്പൽ ഇലകൾക്കടിയിലൊളിച്ചു.
"അതെങ്ങനേ ശെരിയാകാ അവൻ ആറാം ക്ലാസിലല്ലേ പഠിക്കണേ ന്നേക്കാൾ ഒരു ക്ലാസ് താഴേലോ, ചെറീയ കുട്ട്യാലോ "
"അതൊന്നും അണക്കിപ്പൊ പറഞ്ഞാ മനസ്സിലാവില്ല, കുറച്ചു കഴിയുമ്പോ ആവും"
മുങ്ങി നിവരാൻ , വഴുക്കുന്ന പാറയിലൂടെ തെന്നിയിറങ്ങുന്നതിനാൽ തല കുനിഞ്ഞിരിക്കുകയായിരുന്നു.
നേരമിരുട്ടിത്തുടങ്ങും,...
ഇരുട്ട് ഒരു കരിമ്പടം പോൽ മേലേക്കുളത്തെ പൊതിയും...
മീനുകൾ നിശബ്ദരാകും,... കുളക്കോഴിക്കളും, കൊറ്റികളും കൂടണയും...
മിന്നാമിന്നികൾ ചെയ്യുന്ന ആ സായംസന്ധ്യ ഞാറ്റുവേലകളും,
കൃഷിപ്പൊടി കൈകളും,
നക്ഷത്ര യാത്രകളും, യക്ഷിക്കഥകളും കൊണ്ട് സമ്പന്നമാക്കി ചാത്തച്ചാച്ചനൊപ്പം
വീട് ലക്ഷ്യമാക്കി പാടവരമ്പിലൂടെ നടക്കും....
വെയിലു ചായവെ കൂവളക്കായ്കൾ തട്ടിമാറ്റി കളിയമ്മമ്മ കയറി വരും, ഉമ്മറത്തിണ്ണയിലിരുന്ന് മടിയിൽ കെട്ടിവച്ച മുണ്ടിൻ തലപ്പഴിച്ച് പൊതി പുറത്ത് വക്കും, വലിയ പ്ലാസ്റ്റിക്ക് കവറിൻ്റെ മൂലയിൽ ഒരു കറുത്ത ചരട് കോർത്ത് നാലാക്കി മടക്കി കെട്ടിയ പൊതി തുറക്കുമ്പോഴേക്കും, പൊകലെടേം, പാൽപ്പതപോലുള്ള ചുണ്ണാമ്പിൻ്റേം, വെറ്റിലടേം, കുതർത്തിയ അക്കടേം മണം അണപ്പല്ലിന്നും തൊണ്ണൂകൾക്കുമിടയിൽ ഒരു തരിപ്പുളവാക്കും.
"ഈ മുറ്റം ങ്ങനെ വൃത്തികേടാക്കാതെ ങ്ങക്ക് ഇതൊന്ന് വെട്ടിക്കൂടെ ''
വെറ്റിലയെടുത്ത് മുണ്ടിൽ തുടക്കവെ
അച്ചഛമ്മയോട് പതിവു ചോദ്യം ചോതിക്കും,
അച്ചഛമ്മ മൗനമായിരിക്കും,
"ആരോട് പറയാനാ കാളിയേ...... "
അമ്മ ചെറിയമ്മമാർ നീരസം അടക്കം പറയും.
വീട്ടിലെ പെണ്ണുങ്ങളെല്ലാം കാളിയമ്മമ്മ വന്നാൽ ഉമ്മറത്തിണ്ണയിൽണ്ടാകും, ചിലോരെല്ലാം മുറുക്കും. സൊറ പറയും; നാട്ടു വിശേഷങ്ങൾ, കുഞ്ഞസൂയകൾ, അതിശയങ്ങൾ,.....
ചായ വെക്കാൻ നേരായാല് എല്ലാരുംണീച്ച് അടുക്കളേലിക്ക് പോകും,
പോയിക്കഴിയുമ്പോൾ കാളിയമ്മമ്മ പതിയെ അടുത്തേക്ക് വിളിക്കും, പൊതിയിലെ ഉള്ളറയിലെ കുഞ്ഞു കവറിൽ നിന്ന് നല്ലതളിർ വെറ്റില പുറത്തെടുക്കും,
ചുണ്ണാമ്പ് തേക്കുന്നതിനു മുൻപ് വെറ്റില നാക്ക് മുറിച്ച് കുഞ്ഞ് ചെന്നിത്തടത്തിൽ പതിപ്പിക്കും,
തൻ്റെ മടക്ക് കത്തി കൊണ്ട് അടക്ക ചെറുതായി മുറിച്ച് അതിനെ ഒന്ന് ഊതി തലചുറ്റി വെറ്റിലയിൽ വച്ച് പ്രത്യേക താളത്തിൽ മടക്കി വായിൽ വച്ചുതരവെ,
"ആരും അറിയണ്ട ട്ടൊ ഉണ്യേ..." ന്ന് അടക്കം പറയും.
മിഠായി വാങ്ങാനായി അച്ഛൻ വളരെ പിശുക്കിത്തന്നിരുന്ന നാണയത്തുട്ടുകൾ ഇടക്ക് ആരും കാണാതെ മുറുക്കാൻ പൊതിയിലെത്തും.
പടിഞ്ഞാറോറത്തെ പാമ്പിൻ കാവിനടുത്ത കരിമ്പനത്തെ ഇലകളിൽ രക്തത്തുള്ളികൾ പടരും....
"ചാത്തച്ഛൻ പശൂനെക്കൊണ്ട് നക്കാൻ പോലും സമ്മതിക്കില്ല്യ അപ്പൊ പിന്നെ വെഷല്ലാതാകുവോ,...
തിന്നാലാപ്പശു പാടത്തെത്തണേൻ്റെ മുന്ന ചാവുംന്നാ കേക്കണേ...."
ചിരട്ടേന്ന് ചോറു വിളമ്പവേ കുട്ടികളെ എല്ലാരേം നിശബ്ദരാക്കി സൗമ്യേച്ചി പറഞ്ഞു....
മൺ ചോറും കടലാസുപൂവ്വ് കറിയും, പുളിയില ഉപ്പേരിയും, ഇലപ്പപ്പടവും, കരിമൺ പുളിയിഞ്ചിയും കൊണ്ട് തേക്കില സമ്പന്നമാകും,...
ഒരീസം എന്തൊല്ലാമോ പറഞ്ഞ് അടിപിടിയായി,
ചിരട്ടപ്പാത്രങ്ങൾ വീണുടഞ്ഞു. ചോറും കറിയും മണ്ണിൽ വീണു മണ്ണായി മാറി.
ഷർട്ട് കീറി അവസാന വിജയത്തിനായി അവൻ പൊട്ടിയ കൂവളക്കായയിൽ വിരൽമുക്കി വായിൽ തേച്ചു....
കുട്ടികളെല്ലാം പേടിച്ച് അവരവരുടെ വീടുകളിലേക്ക് ഓടി പോയി,...
കിണറ്റിൻ കരയിലേക്കോടി തൊട്ടിയിലെ വെള്ളം കൊണ്ട് നാവിൽ തടിയ ചവർപ്പ് കളയാൻ നോക്കി.
ഇന്ന് മരിക്കും ഉഗ്ര വിഷാണ് ഉള്ളിൽ ചെന്നത്!!!...
"ചാത്തച്ഛൻ പശൂനെക്കൊണ്ട് നക്കാൻ പോലും സമ്മതിക്കില്ല്യ അപ്പൊ പിന്നെ വെഷല്ലാതാകുവോ,... "
സൗമ്യേച്ചീടെ വാക്കുകൾ ഉളളിൽ തേട്ടി വന്നു.
"വീട് ഉറങ്ങ്യേ പോലായീലൊ ആ ഉണ്ണിച്ചെക്കൻ ഇല്ല്യേ ബടെ "
ഉമ്മറത്തൂന്ന് അച്ഛമ്മടെ ശബ്ദം കേട്ടു .
" വെയിലു കൊണ്ട് കാറോടി നടന്നിട്ടാ തോന്നുണൂ ചെക്കന് ചെറിയൊരു മേക്കാച്ചിലുണ്ട്, എന്തൊക്കെ കഴിച്ചൂന്ന് വരുത്തി പോയി കിടന്നണ്ണൂ"
അടുക്കളേന്ന് അമ്മേടെ മറുപടി.
പുറത്ത് നല്ല മഴേണ്, ഓരോ തുള്ളിയും ഹൃദയത്തിൽ തീഗോളമായിപ്പതിച്ചു.
എല്ലാം നഷ്ടപ്പെടാൻ പോണൂ ഇനിയൊരു പകലില്ല,....
കുട്ടുകാരും കളികളുമില്ല,
പാടവും മേലേക്കുളവും,
ഭഗവതി അമ്പലത്തിലേ ദീപാരാധനടെ നെയ്പ്പായസോം,
ക്രിക്കറ്റും,
ചാത്തച്ചാഛനും,
കാളിയമ്മടെ മുറുക്കാനും,
അച്ഛനും അമ്മേം, ചെറിയമ്മമാരും അചഛമ്മേം,
കുട്ടികളും....
പാമ്പിൻ കാവും,
എല്ലാം നഷ്ടാകാൻ പോകുന്നു....
മരണം കാത്തു നിൽക്കുന്നു. !!!
അമ്മക്കും അചഛനും ഓരോ ഉമ്മ കൊടുത്താലോ,....
വേണ്ട പതിവില്ലാതെ ഉമ്മ വച്ചാൽ സംശയാകും, എല്ലാം പൊളിയും... എല്ലാവരും നാളെ അറിഞ്ഞാതി.
മഴ കനത്തു;മരണ ചിന്തയും.
ശ്വാസ താളം മുറുകി,
ഹൃദയം പെരുമ്പറയെടുത്തു,
ദേഹം തളർന്നു,
പുതപ്പിനടിയിൽ ചുരുണ്ടു, കണ്ണുകളിക്കിയടച്ചു....
മഴ തോർന്നു...
സൂര്യനുദിച്ചു....
രാവിലെ ഉമ്മറത്ത് ബഹളം കേട്ടാണെണീറ്റത്, കുറച്ചാളുകൾ കൂടിയിട്ടുണ്ട്, പുതപ്പ് മാറ്റി നേരെ ചെന്നപ്പോൾ സൈതാലിക്ക മഴൂന് മൂർച്ച കുട്ടുന്നു,
"ഹാ എണീച്ചോ, പോയി സൈതാലിക്കക്ക് കുറച്ച് വെള്ളാരം കല്ല് പെറുക്കി കൊടുക്കടാ "
അച്ഛൻ രാവിലെ കട്ടൻ ചായ കുടിക്കാണ്.
വെള്ളാരം കല്ലുതിരഞ്ഞ് ഇടവഴിയിലൂടെ നടക്കവെ ഇവനൊന്നും പറ്റീലേ എന്ന് സൗമ്യേച്ചി തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
വെള്ളാരം കല്ലു പൊടി തേപ്പു പലകയിൽ ഞെരിഞ്ഞമർന്നു. കോടാലിത്തലപ്പ് വജ്രമായി, കൂവളകം നിലംപൊത്തി....
വിരഹ ദുഖം: താങ്ങാനാകാതെ മുല്ലവള്ളിയും, കുറ്റിച്ചെടിപ്പൂക്കളും ആത്മഹത്യ ചെയ്തു.
പുറകിൽ നിന്നും സമയം തെറ്റി വന്ന ഏതോ വണ്ടിയുടെ ഹോൺകേട്ടാണ് തിരികെയെത്തിയത്, ശ്വാസ താളം വീണ്ടു കിട്ടി ഹോസ്റ്റൽ റൂമിലേക്ക് നടക്കവെ ഓർമ്മകളുടെ ഭാരം കാലുകളിലുണ്ടായിരുന്നു,
മാവിൻ ചില്ലകളിലേക്ക് തുറക്കുന്ന ജാലകത്തിലെ മഴ തോർന്നിട്ടില്ല,....
ഉറക്കം ഓർമ്മകളുടെ മഴമേഘങ്ങൾക്കു പുറകിൽ ഒളിച്ചുകളിയിലാണ്....
ഓര്‍മകളുടെ വേലിയേറ്റങ്ങൾക്കിടയിലും അലട്ടിയത്
ആ പൂവ്വേതായിരിക്കും എന്ന ചിന്തയാണ്;
മഴയുടേയും, ഇരുട്ടിൻ്റെയും, രാത്രിയുടേയും, ഗന്ധത്തെ തോൽപ്പിച്ച് എന്നെ എൻ്റെ പഴമയിലേക്ക്, ഹൃഹാതുരതയിലേക്ക് തള്ളിയിട്ട ആ.. പേരറിയാപ്പൂവ്വ്....
അതറിയാൻ,
ഈ ഒരു രാത്രിയകലം,
ഈ മഴയകലം കാത്തിരിപ്പ്....
അതു വരെ നനയാതെ നനഞ്ഞീ പാതിരാമഴയുടെ കുളിരേറ്റു വാങ്ങാം...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ