സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് എന്ന നിലയില്‍ നിന്നും മാറി, ഇന്ത്യയിലെ ഒരു മുന്‍നിര ടെക്-ലൈഫ്‌സ്റ്റൈല്‍ ബ്രാന്റ് ആയി മാറാനുള്ള ശ്രമത്തിലാണ് റിയല്‍മി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 25ന് ഒരു സ്മാർട്ട് വാച്ചും, സ്മാർട്ട് ടിവിയും ഇന്ത്യയിൽ അവതരിപ്പിച്ചു.
രണ്ട് വർഷം മുന്നെ ആരംഭിച്ച ഈ ചൈനീസ് സ്മാർട്ടഫോൺ കമ്പനി ആരെയും വിസ്‌മയപെടുത്തുന്ന രീതിയിലുള്ള വളർച്ചയാണ് ഇന്ത്യയിൽ നേടിയിരിക്കുന്നത്. റിയൽമി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയാണ്.
റിയൽമി വാച്ച് എന്ന പേരിൽ ഇന്ത്യയിൽ ഇറക്കിയിരിക്കുന്ന ഈ വാച്ചിന്റെ വില 3,999 രൂപയാണ്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റ് എന്നിവ വഴി നടന്ന ഫ്ലാഷ് സെയിലിൽ വെറും രണ്ട് മിനിറ്റുകൊണ്ട് 15,000 വാച്ചുകൾ വിറ്റുപോയതായാണ് റിയൽമി അവകാശപ്പെടുന്നത്.
ആക്റ്റിവിറ്റി ട്രാക്കിങ് തന്നെയാണ് റിയല്‍മി വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബൈക്ക്, യോഗ, ക്രിക്കറ്റ്, ട്രെഡ്മില്‍, നടത്തം തുടങ്ങി 14 ഫിറ്റ്‌നസ് ഓപ്ഷനുകള്‍ റിയല്‍മി വാച്ചിലുണ്ട്.
ആദ്യനോട്ടത്തിൽ ആപ്പിൾ വാച്ചാണെന്ന് തോന്നുന്ന രീതിയിലുള്ള ഡിസൈനാണുള്ളത്. 1.4 ഇഞ്ച് (320×320 പിക്സൽ) വലിയ കളര്‍ എൽസിഡി സ്‌ക്രീനോട് കൂടിയാണ് റിയല്‍മി വാച്ച് എത്തുന്നത്. ടച്ച് സപ്പോർട്ട് ഉള്ള സ്‌ക്രീനിന് 2.5ഡി കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്.
ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ നിരീക്ഷിക്കാനും റിയല്‍മി വാച്ചില്‍ സൗകര്യമുണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 ആണുള്ളത്. റിയല്‍മി ലിങ്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോൺ വഴി റിയല്‍മി വാച്ച് നിയന്ത്രിക്കാം.
160 എംഎഎച്ച് ബാറ്ററിയാണ് വാച്ചിലുള്ളത്. തുടർച്ചയായി ഹാർട്ട് റേറ്റ് മോണിറ്റർ ഓൺ ചെയ്‌ത് വെക്കുകയാണെങ്കിൽ 7 ദിവസവും, ഓഫ് ചെയ്‌ത് വെക്കുകയാണെങ്കിൽ 9 ദിവസം വരെയും ബാറ്ററി ചാർജ് ലഭിക്കും. പവർ സേവിങ് മോഡിലാണെങ്കിൽ 20 ദിവസം വരെയും ബാറ്ററി ലഭിക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്.
കണക്ട് ചെയ്തിരിക്കുന്ന സ്മാര്‍ട്‌ഫോണിലെ ഫോണ്‍കോള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍, എസ്എംഎസ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, യൂട്യൂബ്, ടിക് ടോക്ക് നോട്ടിഫിക്കേഷനുകള്‍ റിയല്‍മി വാച്ചില്‍ കാണാം.
12 തരം വാച്ച് ഫേസുകൾ ഇപ്പോൾ വാച്ചിൽ ലഭിക്കും. അധികം താമസിക്കാതെ 100 ആക്കുമെന്നാണ് റിയൽമി പറയുന്നത്. സമയം, തിയ്യതി, ഹാർട്ട് റേറ്റ്, നടന്ന സ്റ്റെപ്പുകൾ, കാലാവസ്ഥ, കലോറി എന്നിവയാണ് ഡീഫോൾട്ട് വാച്ച് ഫേസിൽ കാണിക്കുക.
ക്ലാസിക് സ്ട്രാപ്പ്, ഫാഷന്‍ സ്ട്രാപ്പ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ട്രാപ്പ് ഓപ്ഷനുകളും റിയല്‍മി നല്‍കുന്നു. കടും പച്ച, ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളായിരിക്കും വാച്ച് സ്ട്രാപ്പിനുണ്ടാവുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ